Wednesday, May 6, 2026

വേദന

തലേന്ന് രാത്രി ഒന്നും രണ്ടും പറഞ്ഞ് ചെറിയൊരു സൗന്ദര്യ പിണക്കവുമായി പ്രിയതമയെ കെട്ടിപ്പിടിക്കാതെ കിടന്നുറങ്ങി. ഉറങ്ങാൻ കിടക്കുന്നത് വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു. രാവിലെ എഴുന്നേറ്റപ്പോൾ മുതൽ, വലതുവശത്തെ കഴുത്ത് അനക്കാൻ വയ്യാത്ത വേദന. ഓഫീസിൽ പോകേണ്ട സാഹചര്യം ഉണ്ടായിരുന്നതുകൊണ്ട് മാത്രം, കുറച്ചു വിഷമിച്ച് ആണെങ്കിലും പോയി.

പിറ്റേന്ന് വേദന കലശലായി. ചില മരുന്നുകളും പൊടിക്കൈകളും പ്രയോഗിച്ചു നോക്കി. ചെറിയ മാറ്റം ഉണ്ടായെങ്കിലും വേദന തുടർന്നുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കുമ്പോൾ വൈകുന്നേരത്തെ ചായ കുടിക്കുന്നതിന്റെ ഇടയ്ക്ക് സ്നേഹനിധിയായ എന്റെ മറുപാതി വന്ന് നല്ല ചൂടുള്ള ഉപ്പ് വെള്ളത്തിൽ തുണി മുക്കി ചൂട് പിടിച്ചുതന്നു. നല്ല വേദനയ്ക്കിടയ്ക്കും ഞാൻ ചോദിച്ചു അവിടെ എന്തെങ്കിലും പാടോ ചുവപ്പോ വല്ലതും കാണാനുണ്ടോ എന്ന്? അവൾ നോക്കിയിട്ട് പാട് ഒന്നുമില്ല എന്നു പറഞ്ഞു. ഉള്ളിൽ എവിടെയോ കലശലായ എന്തോ നീർക്കെട്ട് ആവാം എന്ന് ഞാനും മറുപടി പറഞ്ഞു. അപ്പോഴാണ് തൊട്ടപ്പുറത്തെ മുറിയിലെ ടിവിയിൽ നിന്ന് ഒരു മലയാള സിനിമയുടെ ഡയലോഗ് ഒഴുകി വന്നത്, "പുറമേ പാടൊന്നുമില്ലാതെ, ഉള്ള് ചതച്ചെടുക്കുന്ന വിദ്യ ഈ പോലീസുകാരന് മാത്രമേ അറിയുള്ളൂ".
ഞാനൊന്നു നടുങ്ങി! തിളച്ച വെള്ളത്തിൽ മുങ്ങി പൊങ്ങുന്ന തുണിയുടെ ശബ്ദം ആ മുറിയിൽ എങ്ങും അലയടിച്ചു കൊണ്ടേയിരുന്നു. ഞാനെന്റെ പ്രാണനാഥയുടെ മുഖത്തേക്ക് ഒന്ന് നോക്കി അവിടെ ഒരു ചെറിയ പുഞ്ചിരി കണ്ടോ എന്നൊരു സംശയം. വേദന കടിച്ചമർത്തി എന്റെ കഴുത്ത് അവളുടെ കൈകളിൽ ഞാൻ സമർപ്പിച്ചു.
ശുഭം.

No comments:

Post a Comment

The Avocado Tree

It was almost two decades back when Meeta, joined our team in Mindtree, Bangalore. She was a specialist and a subject matter expert in Trave...