തൊണ്ണൂറുകളുടെ അവസാനം, കൃത്യമായി പറഞ്ഞാൽ 1997 ജനുവരി മാസം. ചങ്ങനാശ്ശേരി എന്ന പുരാതന നഗരത്തിലെ പ്രശസ്തമായ കലാലയങ്ങളിൽ ഒന്നായ SB കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം. പത്തു വർഷക്കാലത്തെ സ്കൂൾ ജീവിതത്തിനു ശേഷം കലാലയ ജീവിതം എന്ന സവിശേഷമായ ആനന്ദം അനുഭവിച്ചു പോന്നിരുന്ന നാളുകൾ.
ഈ സമയത്താണ് മലയാള സിനിമയിൽ ഒരു മഹാത്ഭുതം സംഭവിക്കുന്നത്. അനിയത്തിപ്രാവ് എന്ന പേരിൽ ഒരു സിനിമ പുറത്തിറങ്ങി. തരളിതമായ വികാരങ്ങൾ ഏറ്റവും ഭംഗിയായി പ്രേക്ഷക മനസ്സിൽ ഉണർത്തിയ സിനിമയായിരുന്നു അത്. അതോടൊപ്പം ഇന്ന് കേരളം ഭയന്നു വിറക്കുന്ന ലഹരിയുടെ മറ്റൊരു രൂപവും അന്ന് കാണാൻ സാധിച്ചു. ഭയം എന്ന വികാരത്തിന് പകരം പ്രേമം എന്ന വികാരത്തിന് കേരളം അടിമപ്പെട്ടു. അക്കാലത്ത് ജീവിച്ചിരുന്ന ഒട്ടുമിക്ക യുവ മനസ്സുകളെയും ആൺ പെൺ വ്യത്യാസമില്ലാതെ, മാസ്മരികമായ സൗന്ദര്യത്തിലൂടെയും ചടുലമായ നൃത്തച്ചുവടുകൾ കൊണ്ടും വെള്ളിത്തിരയുടെ മാന്ത്രിക ലഹരിക്ക് അടിമപ്പെടുത്തിയ ഒരു യുവ നടൻ ജനിച്ചു. പേര് കുഞ്ചാക്കോ ബോബൻ അഥവാ മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചൻ. ആ കാലഘട്ടത്തിൽ ചെറുപ്പക്കാരുടെ ഹൃദയങ്ങളിൽ ഇത്രയേറെ പ്രേമത്തിന്റെ വികാരങ്ങൾ മുളപ്പിച്ച ഒരു നടൻ ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ ഉത്തരം മറ്റൊന്നാവില്ല.
ചങ്ങനാശ്ശേരിയിൽ ഏഡൻസ് എന്ന പേരിൽ എൻറെ അപ്പൻ ഒരു ഐസ്ക്രീം പാർലർ തുടങ്ങിയിട്ട് ഏകദേശം 5 വർഷമായിരുന്നു. അനിയത്തിപ്രാവിന് മുമ്പ് പ്രീഡിഗ്രി കാലഘട്ടത്തിൽ ചാക്കോച്ചൻ പഠിച്ചിരുന്നത് SB കോളേജിൽ തന്നെയായിരുന്നു. അന്ന് കൂടെ പഠിച്ച സുഹൃത്തുക്കളെ കാണാനായി ഒരു ദിവസം ചാക്കോച്ചൻ ഏഡൻസിലെത്തി. അനിയത്തിപ്രാവിന്റെ റിലീസിന് ഏതാനും ദിവസങ്ങൾക്ക് ശേഷം ആയിരുന്നു അത്. കേരളം ചാക്കോച്ചനെ അറിഞ്ഞ് വരുന്നതേയുള്ളൂ. ചാക്കോച്ചൻ എത്തി, സുഹൃത്തുക്കളുമായി സംസാരിച്ചുതുടങ്ങി.
അപ്പോഴാണ് കുറച്ചപ്പുറത്ത് മാറി ഒരു ടേബിളിൽ നാലഞ്ച് യുവ സുന്ദരികൾ ഇരിക്കുന്നത് ചാക്കോച്ചൻ കാണുന്നത്. അനിയത്തിപ്രാവിന്റെ ഷൂട്ടിംഗ് സമയത്ത് എടുത്ത ഫോട്ടോസ് അടങ്ങിയ രണ്ടുമൂന്ന് ആൽബങ്ങളുമായി ആ പെൺകുട്ടികളുടെ അടുത്തേക്ക് നടന്നു. അവിടെ ചെന്ന് അവർക്ക് ആൽബം കൊടുത്തുകൊണ്ട് എല്ലാവരെയും മയക്കുന്ന ആ ചിരിയും ചിരിച്ചു അവിടെ നിന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒരു കുട്ടി ആൽബം മറിച്ച് നോക്കി വിടർന്ന് മിഴികളോടുകൂടി ചാക്കോച്ചന്റെ മുഖത്ത് നോക്കി ഒരു ചോദ്യം ചോദിച്ചു:
'ഈ ഫോട്ടോയിലെ എല്ലാവരെയും ഞങ്ങൾക്ക് മനസ്സിലായി. പക്ഷേ താനാരാ?'
ഇന്ന്, അനിയത്തിപ്രാവ് ഇറങ്ങി 28 വർഷങ്ങൾക്ക് ശേഷം ചാക്കോച്ചൻ ഒരിക്കൽ കൂടി ആ പെൺകുട്ടിയെ കണ്ടുമുട്ടുകയാണെങ്കിൽ എന്തായിരിക്കും ആ കുട്ടിക്ക് പറയാനുണ്ടാവുക!
No comments:
Post a Comment