Wednesday, September 16, 2026

സൂര്യനെ ഒളിപ്പിച്ചവൾ

 പണ്ട് പണ്ട്, എന്ന് വച്ചാല്‍ വളരെ പണ്ട്, നാം ഇന്ന് കാണുന്ന ഈ ലോകം ഉണ്ടായി കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ നടന്ന ഒരു കഥ ആണ് ഇത്. 

സഹ്യന്റെ പടിഞ്ഞാറ്‌ സ്ഥിതി ചെയ്തിരുന്ന ഒരു വനഭൂമി. അതില്‍ നിറയെ മരങ്ങളും സസ്യലതാദികളും ഉണ്ടായിരുന്നു. പല തരത്തിലുള്ള ചെടികള്‍ക്ക്‌ ഇടയിലും, അതീവ സുന്ദരികളായ പുഷ്പങ്ങളോടു കൂടി ഒരു ചെറിയ മരം നിന്നിരുന്നു. ചെമ്പ എന്നായിരുന്നു അവളുടെ പേര്. 

ആ കാട്ടിലുള്ള മറ്റു മരങ്ങളും ചെടികളും എല്ലാം അവളെ ചെമ്പ മരം എന്ന് വിളിച്ചു പോന്നു. ആ വിളി പിന്നീട് ലോപിച്ച് ചെമ്പരം എന്നായി മാറി. വളരെ സുന്ദരമായ പൂക്കൾ ഉള്ളതിനാൽ മറ്റു മരങ്ങളെക്കാൾ, കിളികളും മൃഗങ്ങളും ചെമ്പരത്തോട് ധാരാളം സ്നേഹം പ്രകടിപ്പിക്കാറുണ്ടായിരുന്നു. ഇത് ചെമ്പരത്തെ തെല്ലൊന്നു ഗർവിഷ്ടയാക്കുകയും ചെയ്തു.

അങ്ങനെയിരിക്കെ ഒരുനാൾ ചെമ്പരത്തിന്റെ താഴെ ഒരു പുതിയ ചെടി വളർന്നുവന്നു. അത് വലുതായി, അതിലൊരു അതി സുന്ദരമായ പുഷ്പം വിടർന്നു. ചെമ്പരത്തിന്റെ പൂക്കൾ സുന്ദരികൾ ആയിരുന്നെങ്കിൽ ഈ ചെടിയുടെ പൂവ് ത്രിലോക സൗന്ദര്യം വിളഞ്ഞാടുന്നതായിരുന്നു. സൂര്യഭഗവാനെ പോലെ വെട്ടി തിളങ്ങി നിന്നതിനാൽ അതിനെ എല്ലാവരും സൂര്യകാന്തി എന്ന് വിളിച്ചു. സൂര്യകാന്തിയുടെ പ്രശസ്തി ചെമ്പരത്തെ വല്ലാതെ അസ്വസ്ഥയാക്കിയെങ്കിലും ഒരു കണക്കിന് ചെമ്പരം ആ ചിന്തയെല്ലാം മാറ്റിവെച്ചു ജീവിച്ചു.

പക്ഷേ ഒരു നാൾ ഒരു സംഭവമുണ്ടായി. അത് ചെമ്പരത്തെ ശരിക്കും തളർത്തി കളഞ്ഞു. സൂര്യകാന്തിയുടെ സൗന്ദര്യത്തെപ്പറ്റി കേട്ടറിഞ്ഞ സൂര്യഭഗവാൻ അവളെ കാണുവാൻ എത്തി. തന്റെ ഉജ്ജ്വലപ്രഭാവത്തിനു ചേർന്നവൾ തന്നെ ഇവൾ എന്ന് ഭഗവാൻ തിരിച്ചറിഞ്ഞു. അന്നുമുതൽ സൂര്യകാന്തി സൂര്യ ഭഗവാന്റെ പ്രേയസിയായിത്തീര്‍ന്നു.

ഇതിനെല്ലാം സാക്ഷിയായി നിന്നിരുന്ന ചെമ്പരം അസൂയ കൊണ്ട് തിളച്ചു. എങ്ങനെയെങ്കിലും സൂര്യകാന്തിയെ ഒരു പാഠം പഠിപ്പിക്കണം എന്ന് ചെമ്പരം തീരുമാനിച്ചു. അങ്ങനെ ഒരുനാൾ വീണ്ടും സൂര്യഭഗവാൻ സൂര്യകാന്തിയുടെ അടുക്കൽ എത്തി. കുറച്ചുനേരം കളിചിരികൾക്ക് ശേഷം സൂര്യകാന്തിയും സൂര്യഭഗവാനും വിശ്രമിക്കാൻ തീരുമാനിച്ചു. നന്നേ ക്ഷീണം ഉണ്ടായിരുന്നതിനാൽ സൂര്യ ഭഗവാൻ വേഗം തന്നെ ഉറക്കം പിടിച്ചു.

ഇതുതന്നെ നല്ല അവസരം എന്ന് കണ്ട് ചെമ്പരം പെട്ടെന്ന് സൂര്യഭഗവാനെ എടുത്ത് തന്റെ ഏറ്റവും സൗന്ദര്യമുള്ള ഒരു പൂവിനുള്ളിൽ ഒളിപ്പിച്ചു. സൂര്യൻ മറഞ്ഞാലുള്ള പുകിൽ പറയേണ്ടല്ലോ? നാട്ടിൽ എങ്ങും ഇരുട്ട് വ്യാപിച്ചു. എല്ലാവരും പരിഭ്രാന്തരായി ലക്ഷ്യമില്ലാതെ ഓടിത്തുടങ്ങി. ലോകം തന്നെ അവസാനിക്കും എന്ന ഘട്ടം എത്തി. മറ്റു ദേവന്മാരെല്ലാം സൂര്യഭഗവാനെ അന്വേഷിച്ച് നാടൊട്ടുക്ക് അലഞ്ഞു.

ഇതിനിടെ ചെമ്പരം സൂര്യ ഭഗവാനെ ഒളിപ്പിച്ച പൂവിന്റെ അകത്ത് മധു നുകർന്നിരുന്ന ഒരു വണ്ട് ഒരു തരത്തിൽ പുറത്ത് കടന്നു. ചെമ്പരം ചെയ്ത മഹാപാതകം, വണ്ട് എല്ലാവരെയും അറിയിച്ചു. ദേവന്മാർ കൂട്ടത്തോടെ വന്നു സൂര്യഭഗവാനെ ചെമ്പരത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിച്ചു. എന്താണ് നടന്നതെന്ന് അറിഞ്ഞ സൂര്യഭഗവാൻ ചെമ്പരത്തെ ശപിച്ചു. ആ ശാപത്തിന്റെ ഫലമായി ചെമ്പരത്തിന് ദേഹമാസകലം സൂര്യന്റെ തീയുടെ ചൂട് അനുഭവപ്പെട്ടു. എന്നാൽ ചെടിയോ അതിന്റെ പൂവുകളോ കത്തിച്ചാമ്പലായില്ല. 

അന്നുമുതൽ ആ വനത്തിൽ ഉള്ളവരെല്ലാം ആ ചെടിയെ 'ചെമ്പരത്തി' എന്ന് വിളിച്ചു!

No comments:

Post a Comment

AI enabled husbands

One of the most challenging tasks for husbands is to accompany their wives on apparel shopping. While there are a few who actively participa...