Wednesday, March 25, 2026

അഴീക്കോടിന്റെ ആത്മകഥ


സുകുമാര്
അഴീക്കോട് - ഓര്മ്മ വച്ച കാലം മുതൽ മലയാള സാഹിത്യ സമൂഹിക ലോകത്ത് കേള്ക്കുന്ന ഒരു നാമധേയം. അസാമാന്യ പ്രാസംഗികന്, വാഗ് ദേവതയാൽ അനുഗ്രഹീതൻ, തുടങ്ങി നിരവധി വിശേഷണങ്ങള് ചാര്ത്തിയിരുന്ന അപൂര്വ്വ പ്രതിഭ. എന്നാല് നാളിതുവരെ അദ്ദേഹത്തിന്റെ ഒരു പ്രസംഗം കേള്ക്കുവാനോ, എഴുത്ത് ആസ്വദിക്കുവാനോ സാധിച്ചിരുന്നില്ല. അങ്ങനെ ഉള്ള ഒരു വ്യക്തിയെ മറ്റേതെങ്കിലും രീതിയിൽ അറിയുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ തന്നെ വാക്കുകളില് അറിയാനുള്ള ഒരു ആഗ്രഹം ആവും ഈ ആത്മകഥ വാങ്ങിക്കുവാൻ എന്നെ പ്രേരിപ്പിച്ചത്.

ഞാന് വായിച്ചിട്ടുള്ള ആത്മകഥകളില് വച്ച് ഒരേ സമയം അതിശയിപ്പിക്കുകയും അരിശപ്പെടുത്തുകയും ചെയ്ത മറ്റൊരു പുസ്തകം ഉണ്ടോ എന്ന് സംശയമാണ്. അതിശയപ്പെടാൻ ഉള്ള കാരണം മറ്റൊന്നുമല്ല. സ്കൂള് പഠന കാലത്ത് നാമൊക്കെ കേള്ക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ള മഹാരഥികൾ ആയിട്ടുള്ള പലരുടെയും സ്നേഹിതന്, ശിഷ്യന് അല്ലെങ്കില് സതീർത്ഥ്യൻ ആയിരുന്നു സുകുമാര് അഴീക്കോട്, എന്ന യാഥാര്ത്ഥ്യം ആശ്ചര്യം ജനിപ്പിക്കുകയുണ്ടായി. മഹാകവി ഉള്ളൂര്, വള്ളത്തോള് തുടങ്ങി, ഗാന്ധിജിയെ വരെ നേരിട്ടു കാണുവാന് ഭാഗ്യം സിദ്ധിച്ച ഒരു അപൂര്വ്വ വ്യക്തി!
അരിശപ്പെടുത്തിയ വസ്തുതകൾ രണ്ടാണ്. ഒന്നിന്റെ ഉത്തരവാദിത്തം ഞാനും കാലവും ഒരുമിച്ച് ഏറ്റെടുക്കുന്നു. അത് മറ്റൊന്നുമല്ല, അഴീക്കോടിന്റെ പദസമ്പത്തിന്റെ ഇടവഴികളിലൂടെ നടന്നു പോകുമ്പോള് പലപ്പോഴും ഞാന് കാലിടറി വീണു പോയി. ചില വേളകളിൽ മുട്ട് പൊട്ടി ചോര ചിന്തുക വരെ ചെയ്തു എന്ന് പറഞ്ഞാല് അതിശയോക്തി ആവില്ല. എന്റെ അറിവില്ലായ്മയുടെയും, ജീവിച്ചിരുന്നെങ്കിൽ ഈ വര്ഷം നൂറിന്റെ നിറവില് വിരാജിക്കുമായിരുന്ന ഒരു മഹാനുഭാവനും ഞാനും തമ്മില് അര നൂറ്റാണ്ടിന്റെ മേല് ഉള്ള പ്രായഭേദത്തിന്റെ അവസ്ഥയുടെയും പേരില് ഒന്നാമത്തെ അരിശപ്പെടൽ ഞാന് സാദരം സംസ്കരിക്കുന്നു.
രണ്ടാമത്തെ വസ്തുത, അദ്ദേഹത്തിന്റെയും എന്റെയും വ്യക്തിത്വങ്ങളുടെ വ്യത്യാസം ആണെന്നു കരുതാനാണ് എനിക്ക് ഇഷ്ടം. അഴീക്കോട് തന്നെ പറ്റിയും തന്റെ എഴുത്തിനെ പറ്റിയും അനുഭവിക്കുന്ന ആത്മരതി എനിക്ക് എന്നെങ്കിലും സാധിക്കുമോ എന്ന് ഞാന് സംശയിക്കുന്നു.
എന്തൊക്കെ ആയിരുന്നാലും നാം ജീവിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ, അഴീക്കോടിന്റെ തന്നെ ഭാഷയില് പറഞ്ഞാല്, നാം ശ്വസിക്കുന്ന ഈ വായു പങ്കു വയ്ക്കാന് ലഭിച്ചത് ഒരു ഭാഗ്യമായി കരുതുന്നു. ആത്മകഥാ വായനയുടെ അന്ത്യത്തില് ഇനിയും കൂടുതൽ പലതും അറിയേണ്ട ഒരു മനുഷ്യന് ആണെന്ന് തന്നെയാണ് അവസാന ചിന്തയായി മനസില് വന്നത് എന്നും പറഞ്ഞു കൊള്ളട്ടെ.
ഞാന് ഇനിയും അറിഞ്ഞിട്ടില്ലാത്ത ഒരു മഹാ മനസ്സിന്റെ ചിന്താപഥങ്ങൾക്ക് സാദരം എന്റെ വന്ദനം.

No comments:

Post a Comment

The Avocado Tree

It was almost two decades back when Meeta, joined our team in Mindtree, Bangalore. She was a specialist and a subject matter expert in Trave...