ബാങ്ക് ഉദ്യോഗത്തിൽ നിന്ന് വിരമിച്ച് ഏകദേശം ഒരു ദശാബ്ദ കാലം മറ്റുപല തിരക്കുകളുമായി അപ്പൻ നല്ല ഓട്ടത്തിലായിരുന്നു. അങ്ങനെയിരിക്കയാണ് സ്വതവേ താല്പര്യമുള്ള കൃഷിയുടെ ലോകത്തേക്ക് കൂടുതൽ കടന്നാലോ എന്നൊരു ചിന്ത ഉണ്ടായത്. അതിന് ബലം കിട്ടാനായി ഒരു ചെറിയ വസ്തു വീടിനടുത്ത് തന്നെ മേടിച്ചു. അവിടെ നിലമൊരുക്കി പലതരത്തിലുള്ള പച്ചക്കറികളും പഴവർഗങ്ങളും നട്ടുപിടിപ്പിച്ചു. ആ കൂട്ടത്തിൽ ആ വസ്തുവിന്റെ ഒത്ത നടുക്കായി ഒരു മുരിങ്ങ ചെടിയും നട്ടിരുന്നു.
ദിവസവും എല്ലാ ചെടികളെയും സ്വന്തം മക്കളെ എന്നപോലെ അപ്പൻ നോക്കി. വളമിടലും വെള്ളം ഒഴിക്കലും എല്ലാം തകൃതിയായി നടന്നു. ഒന്നിന് പുറകെ ഒന്നായി ചെടികളൊക്കെ തന്നെ പൂക്കളും കായ്കളും നൽകി അപ്പൻറെ ഉദ്യമത്തെ അനുഗ്രഹിച്ചു.
എല്ലാ ചെടികളും നന്നായി വന്നപ്പോഴും മുരിങ്ങ മാത്രം പൂവിട്ടില്ല, കായും തന്നില്ല. അപ്പൻ വളമിടലും വെള്ളം ഒഴിക്കലും തുടർന്ന് പോന്നു. സ്ഥിരമായി മുരിങ്ങയ്ക്ക് വെള്ളമൊഴിച്ചു കൊണ്ടിരുന്ന അപ്പനോട് അമ്മ പറഞ്ഞു 'ഡാഡി, മുരിങ്ങയ്ക്ക് ഇത്രയും വെള്ളം ആവശ്യമില്ല അതിനെ കുറച്ച് കാലം വെറുതെ വിട്. അപ്പൊ പൂക്കുകയും ചെയ്യും, കായും ഉണ്ടാവും'.
സ്വാഭാവികമായും അപ്പൻ അത് കേട്ടില്ല. മുരിങ്ങ തുടർന്നും വെള്ളം കുടിച്ചു കൊണ്ടേയിരുന്നു. അങ്ങനെ ഏകദേശം മൂന്ന് നാല് വർഷങ്ങൾ കടന്നുപോയി. മുരിങ്ങ ഒരു മാറ്റവും ഇല്ലാതെ നിന്നു.
ഇതിനിടയ്ക്ക് സ്വർഗ്ഗത്തിൽ ഒരു അത്യാവശ്യ വേക്കൻസി വന്നപ്പോൾ ദൈവം തമ്പുരാൻ ആളയച്ച് അപ്പനെ അങ്ങ് വിളിച്ചുകൊണ്ട് പോയി. പിന്നെ രണ്ടു കൊല്ലക്കാലം മുരിങ്ങ ശരിക്കും പട്ടിണിയിലായിരുന്നു.
അപ്പൻ സ്വർഗ്ഗത്തിൽ ചെന്നതിന്റെ രണ്ടാം വാർഷികം ആഘോഷിക്കാൻ എന്നവണ്ണം ഈ വർഷം കഴിഞ്ഞ മാസം മുരിങ്ങ തകർത്തു പൂത്തു. ഒന്നാന്തരമായി പൂക്കളെല്ലാം കായ് ആവുകയും ചെയ്തു.
അങ്ങനെയിരിക്കെ ഈ മാസം എൻറെ മറ്റൊരു പിറന്നാൾ വന്നു ചേർന്നു. എല്ലാ കൊല്ലവും പിറന്നാളിന്റെ അന്ന് വെളുപ്പിനെ കോഴി കൂവുന്നതിനു മുമ്പ് തന്നെ അപ്പൻറെ ഒരു ഫോൺകോൾ വരുമായിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി പിറന്നാളിന്റെ അന്ന് ഏറ്റവും കൂടുതൽ ഞാൻ ആഗ്രഹിച്ചിരുന്നതും എന്നാൽ കിട്ടില്ല എന്ന് അറിയാമായിരുന്നതും മറ്റൊന്നായിരുന്നില്ല.
അപ്പോഴാണ് നാട്ടിൽ നിന്ന് ഒരു കസിൻ ചേച്ചി ദുബായിലുള്ള മകളുടെ അടുക്കൽ എത്തിയ കാര്യം അറിഞ്ഞത്. എൻറെ പിറന്നാളിന്റെ അന്ന് കാണാമെന്ന് അവർ പറയുകയും ചെയ്തു. അന്നത്തെ ഓഫീസ് തിരക്കുകൾ എല്ലാം കഴിഞ്ഞ് വൈകുന്നേരം ഞങ്ങളെല്ലാവരും ഒന്നിച്ചുകൂടി. അവർ കൊണ്ടുവന്ന ഒരു പിറന്നാൾ കേക്ക് മുറിച്ച് മധുരം പങ്കിട്ട് കുറേക്കാലം കൂടി എല്ലാവരെയും കണ്ടതിന്റെ സന്തോഷവും ഒക്കെ ആയി വളരെ ഭംഗിയുള്ള ഒരു പിറന്നാൾ ആഘോഷം നടന്നു. എല്ലാം കഴിഞ്ഞപ്പോൾ ചേച്ചി എൻറെ കയ്യിൽ ഒരു കവർ തന്നിട്ട് പറഞ്ഞു, 'ഇത് നിൻറെ മമ്മി തന്നു വിട്ടതാണ്. എന്താണെന്ന് തുറന്നു നോക്ക്.'
എന്റെ നാല്പത്തിനാലു വർഷത്തെ പിറന്നാൾ സമ്മാനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വിലമതിക്കാനാവാത്ത ഒരു സമ്മാനമായിരുന്നു ആ കവറിൽ. വർഷങ്ങൾക്ക് മുൻപ് അപ്പൻ വച്ചുപിടിപ്പിച്ച മുരിങ്ങ ചെടിയിൽ ഉണ്ടായ അഞ്ചാറു കായ്ക്കൾ. അപ്പൻ സ്വർഗ്ഗത്തിൽ ചെന്ന് രണ്ട് വർഷത്തിനുശേഷം അവിടുന്ന് അയച്ചുതന്നത് പോലെ.
ഞാനാ കവർ അടച്ചുവച്ചതും അപ്പൻറെ ചിരിക്കുന്ന മുഖം മനസ്സിൽ തെളിഞ്ഞു.
പെട്ടെന്ന് അവിടെ ഒരു അശരീരി മുഴങ്ങിയത് പോലെ എനിക്ക് തോന്നി, 'ഇപ്പോഴെങ്കിലും മനസ്സിലായോ ഞാൻ വെള്ളമൊഴിച്ചതിന്റെ ഗുണം?'
അപ്പൻ സ്വർഗ്ഗത്തിലും അപ്പൻ തന്നെ. ഒരു മാറ്റവും ഇല്ല!
No comments:
Post a Comment