ഒരു വിവാഹ ഒരുക്ക സെമിനാറിന്റെ ഇടയിൽ ഒരു പയ്യൻ ക്ലാസ് എടുത്തു കൊണ്ടിരുന്ന അച്ചനോട് ചോദിച്ചു. 'അച്ചാ, ദാമ്പത്യ ജീവിതത്തിൽ ക്ഷമയ്ക്കും സമാധാനത്തിനും ആണോ കൂടുതൽ പ്രാധാന്യം?' വളരെ സരസനായിരുന്ന അച്ചൻ ഒരിത്തിരി നേരം ആലോചിച്ചിട്ട് മറുപടി പറഞ്ഞു. 'ക്ഷമയ്ക്കും സമാധാനത്തിനും പ്രസക്തിയുണ്ട്. എങ്കിലും ദാമ്പത്യ ജീവിതത്തിൽ പോത്തിറച്ചി വലിയ പ്രാധാന്യം അർഹിക്കുന്നു എന്ന് പറയേണ്ടിവരും. എനിക്കറിയാവുന്ന ഒരു മറിയാമ്മ ചേട്ടത്തിയുടെയും ഔസേപ്പ് ചേട്ടന്റെയും കഥ പറയാം.
വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ചേട്ടൻ എന്തെങ്കിലും കന്നംതിരിവ് കാണിക്കുകയോ ചേട്ടത്തിയെ ചീത്ത പറയുകയോ ചെയ്താൽ വളരെ ശാന്തമായും സമാധാനമായും ചേട്ടത്തി അത് കൈകാര്യം ചെയ്തിരുന്നു. നാളുകൾ കുറച്ച് ആയപ്പോൾ ഔസേപ്പ് ചേട്ടൻ ചേട്ടത്തിയുടെ ഈ നല്ല മനസ്സ് ശരിക്കും മുതലെടുക്കാൻ തുടങ്ങി. തോന്നിയവാസങ്ങൾ കൂടുതലായപ്പോൾ ചേട്ടത്തി കുറച്ചൊന്ന് ഉറച്ച ശബ്ദത്തിൽ പറഞ്ഞു നോക്കി. കാര്യങ്ങൾ വഷളായത് അല്ലാതെ ഔസേപ്പ് ചേട്ടൻ നന്നാവുന്ന ലക്ഷണമൊന്നും കാണിച്ചില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം, ഒന്നും രണ്ടും പറഞ്ഞു ചേട്ടനും ചേട്ടത്തിയും കൂടെ തെറ്റി. വഴക്കായി, വക്കാണമായി, എന്തിനേറെ പറയുന്നു, ചേട്ടൻ ചേട്ടത്തിയെ കൈവെച്ചു. തികച്ചും ശാന്തയായിരുന്ന മറിയാമ്മ ചേട്ടത്തിയുടെ മനസ്സ് കലുഷിതമായി. ചേട്ടത്തി, മൂത്തമകൻ അന്തോണിയെ ചന്തയിൽ പറഞ്ഞുവിട്ട്, രണ്ട് കിലോ പോത്തിറച്ചി മേടിപ്പിച്ചു. പോത്തിറച്ചി വന്നതും, ചേട്ടത്തി നല്ല പൂവരശിന്റെ പലകയെടുത്ത് രാകി വച്ചിരുന്ന വെട്ടുകത്തിയുമായി പണി തുടങ്ങി. ഔസേപ്പ് ചേട്ടൻ അടുക്കളയിലേക്ക് വന്നപ്പോൾ, പോത്തിറച്ചി വെട്ടുന്ന ശബ്ദവും വേഗവും കൂടി വന്നു. തികച്ചും നിഷ്കളങ്കമായി ഔസേപ്പ് ചേട്ടൻ ചോദിച്ചു, ഇത് എന്നതാടി ഇത്രയും ശക്തിക്ക് വെട്ടുന്നത്?
അന്നാമ്മ ചേട്ടത്തി ആ ചോദ്യത്തിന് ഒരൊറ്റ മറുപടി മാത്രം പറഞ്ഞു. ഇങ്ങനെ വെട്ടിയാൽ ഒരു പന്നിയുടെ കഴുത്ത് മുറിയുമോന്ന് നോക്കിയതാ!
അന്നുമുതൽ ഔസേപ്പ് ചേട്ടൻ എപ്പോ മൊട എടുത്താലും ചേട്ടത്തി അപ്പൊ തന്നെ മകനെ ചന്തയ്ക്കു വിടും. ശേഷം ശുഭം.'
No comments:
Post a Comment