Tuesday, July 15, 2025

ജീവിതങ്ങൾ ജന്മങ്ങൾ

ജയ്സൺ, വിനീത് സോണി. മൂന്നു വ്യത്യസ്തങ്ങളായ ജീവിത പശ്ചാത്തലങ്ങളിൽ നിന്ന് വന്ന് ഒരേ ക്യാമ്പസിൽ കണ്ടുമുട്ടിയവർ. അവരുടെ സമകാലികരെ പോലെ കേരളത്തിൽ ബിരുദം എടുത്ത ശേഷം ഉപരിപഠനത്തിനായി മൂവരും എത്തിപ്പെട്ടത് തമിഴ്നാട്ടിലെ പ്രശസ്തമായ ഒരു കലാലയത്തിൽ ആയിരുന്നു. ഓരോരുത്തരും ഓരോ കാര്യങ്ങളിൽ ഒന്നിനൊന്നു മെച്ചം. വിനീത് അസ്സലായിട്ട് പാടും, സോണി പഠനത്തിൽ അഗ്രഗണ്യൻ, ജയ്സൺ ആവട്ടെ ഒന്നാന്തരം ഒരു സംഘാടകൻ.

ജീവിതം അങ്ങനെ മുന്നോട്ടു പോയി. മൂന്നുവർഷം പോയത് അവരറിഞ്ഞു പോലുമില്ല. അതിനിടെ എന്തെല്ലാം തമാശകൾ. എത്ര എത്ര നുറുങ്ങ് നിമിഷങ്ങൾ. എന്തിനും ഏതിനും അവർ ഒന്നിച്ചായിരുന്നു പരസ്പരം കൊല്ലാനും ചാകാനും വരെ തയ്യാറായിരുന്നു എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. ഹോസ്റ്റലിന്റെ വരാന്തകളിൽ വിനീതിന്റെ പാട്ടിൻറെ ഈരടികൾ മുഴങ്ങിക്കൊണ്ടിരുന്നു. സോണി ആവട്ടെ പരീക്ഷകൾ എന്ന കടമ്പ കടക്കാൻ അവരെ സ്ഥിരം സഹായിച്ചു. ജയ്സന്റെ നേതൃത്വ പാടവം പല സന്ദർഭങ്ങളിലും അവർക്ക് ഗുണകരമായി ഭവിച്ചു. കലാലയത്തിലെ പല പ്രശ്നങ്ങളും അവർ ഒന്നിച്ചു നിന്നാണ് നേരിട്ടത്. മൂവർ സംഘം എന്നൊരു പേര് തന്നെ അവർക്ക് ഉണ്ടായിരുന്നു. സന്തോഷത്തിന്റെ അലയൊലികൾ മൂന്നു വർഷക്കാലം അവരെ ചേർത്തുനിർത്തി

ജീവിതമാകുന്ന കപ്പൽ മുന്നോട്ടു സഞ്ചരിക്കവേ മൂന്നുപേരും മൂന്ന് ദിശകളിലേക്ക് പറിച്ചു നടപ്പെട്ടു. അപ്പോഴും സുഹൃത്ത് ബന്ധം മുറിയാതിരിക്കാൻ അവർ ശ്രമിച്ചുകൊണ്ടേയിരുന്നു.

പിന്നീട് എന്നോ ഒരിക്കൽ ഒരു തെറ്റിദ്ധാരണയുടെ പേരിൽ ജയ്സണും വിനീതും തമ്മിൽ അകന്നു. ഇഴപിരിയാത്ത ആത്മബന്ധം എന്ന് കരുതിയിരുന്നതൊക്കെ വെറും ചരിത്രമായി മാറി. സോണി അവനെ കൊണ്ട് കഴിയുന്നത് പോലെ മറ്റു രണ്ടു പേരെ ഒന്നിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

കാലം വീണ്ടും മുന്നോട്ടു പോയി. ഋതുക്കൾ മാറിമറിഞ്ഞു. ഒരു ദിവസം വിനീതിനും സോണിക്കും ഒരു ഫോൺ കോൾ വന്നു. അവരുടെയും ജയ്സൺടെയും സുഹൃത്തായിരുന്നു അമൽ ആയിരുന്നു അത്. ഫോണിൽ വന്ന വാർത്ത കേട്ട് ലോകത്തിന്റെ രണ്ട് അറ്റത്തായിരുന്ന വിനീതും സോണിയും നിശബ്ദരായി ഇരുന്നു പോയി. ഒരുകാലത്ത് ആത്മാർത്ഥ സുഹൃത്തായിരുന്നു ജയ്സൺ ഒരു വാഹന അപകടത്തിൽ പെട്ട് അവരെ വിട്ട് പോയിരിക്കുന്നു

അന്ത്യകർമ്മങ്ങൾക്കായി സോണിക്കും വിനീതിനും എത്താൻ സാധിച്ചില്ല. ഏകദേശം ഒരു വർഷത്തിനുശേഷം ഒരു അവധിക്കാലത്ത് അവർ രണ്ടുപേരും കൂടെ ജയ്സന്റെ വീട്ടിൽ ചെന്നു. അവൻറെ അപ്പനെയും അമ്മയെയും സഹോദരങ്ങളെയും കണ്ട് സംസാരിച്ചു. പിന്നീട് അവനെ അടക്കിയിരുന്ന പള്ളി സെമിത്തേരിയിൽ ചെന്നു

ജയ്സന്റെ കുഴിമാടത്തിൽ കുരിശിന്റെ താഴെ ഒരു കൽഫലകത്തിൽ ഒരു വാചകം എഴുതിയിരുന്നത് കണ്ട് അവർ രണ്ടുപേരും ഞെട്ടി. പെട്ടെന്നാണ് അവർ ഓർത്തത്, വർഷങ്ങൾക്ക് മുൻപ് അവരുടെ ഹോസ്റ്റൽ മുറിയിലിരുന്ന് ഒരിക്കൽ അവൻ പറഞ്ഞിരുന്നു, ഞാൻ മരിച്ചാൽ എൻറെ കുഴിമാടത്തിൽ ഒരു വാചകം മാത്രം എഴുതി വയ്ക്കണം, അത് ഇങ്ങനെയായിരിക്കണം,

'അകാലത്തിൽ പൊലിഞ്ഞ ഒരു അപാര ജന്മം'.

ജീവിത നൗക ചലിച്ചുകൊണ്ടേയിരുന്നു. പുതിയ തീരങ്ങളും പുതിയ ജന്മങ്ങളും തേടിയുള്ള യാത്ര.

ജീവിതങ്ങൾ ജന്മങ്ങൾ

ജയ്സൺ, വിനീത് സോണി. മൂന്നു വ്യത്യസ്തങ്ങളായ ജീവിത പശ്ചാത്തലങ്ങളിൽ നിന്ന് വന്ന് ഒരേ ക്യാമ്പസിൽ കണ്ടുമുട്ടിയവർ. അവരുടെ സമകാലികരെ പോലെ കേരളത്തിൽ...