ഇടവപ്പാതി പല തവണ തകർത്തു പെയ്തു,
പഞ്ഞ കർക്കിടകം പലവട്ടം തല കാണിച്ചു.
മീനമാസ സൂര്യൻ പല ആണ്ടുകളെ വെന്തുരുക്കി,
എങ്കിലും ആ വൻമരം അവിടെ നിന്നു, വേരുകൾ ഉറപ്പിച്ചു തന്നെ.
തായ് തടിയും ശാഖകളും ഉപ ശാഖകളും,
പച്ചിലകളും
പഴങ്ങളും,
പ്രകൃതി
കനിഞ്ഞു
നൽകപ്പെട്ട
മഹാമേരു.
ആ വൻ മരത്തോട്, ഒരിക്കൽ ഞാൻ ചോദിച്ചു, 'അല്ലയോ മഹാത്മാവേ എങ്ങനെ ഇങ്ങനെ ജീവിക്കുന്നു, എന്തിനീ നിസ്വാർത്ഥത?'
ഉത്തരം
വളരെ
ലളിതം.
'ജീവിക്കുക,
നിനക്കും
നിൻറെ
കുടുംബത്തിനും വേണ്ടി.
കുടുംബം എന്നത് സമൂഹവും,
സമൂഹം എന്നത് രാജ്യവും ആണെന്ന ബോധ്യം ഉണ്ടാവുക.
നന്മകൾ മാത്രം ചെയ്യുക, തിന്മകൾ നിരൂപിക്കാതിരിക്കുക.
പരോപകാരം പുണ്യമായി കരുതുക, അത് നാലു പേർ അറിയാതെ ചെയ്യുക.
സ്നേഹം ഒരു സത്യമാണെന്ന് അറിയുക,
ആ സത്യത്തിന് അളവുകോൽ നൽകാതിരിക്കുക.
ജീവിതം മുഴുവനായിത്തന്നെ ജീവിക്കുക,
മരണം വന്നു വിളിക്കുമ്പോൾ പുഞ്ചിരിയോടെ കടന്നുപോവുക.'
ആ
വൻ
മരം
ഇന്നില്ല,
പക്ഷേ പഠിപ്പിച്ച പാഠങ്ങളൊക്കെയും മനസ്സിൽ നിലനിൽക്കുന്നു,
ആഴത്തിൽ വേരൂന്നി തന്നെ!