Sunday, June 28, 2026

ഹൃദയം കൊണ്ട് എഴുതുന്ന കവിത

ഇന്നലെ വൈകുന്നേരം ഷോപ്പിംഗ് കഴിഞ്ഞപ്പോൾ കുറച്ച് വൈകി. തിരികെ വീട്ടിലേക്ക് വരുന്ന വഴി Hit 96.7 FM, പാട്ടുകൾ കൊണ്ട് ഒരു സായാഹ്ന വിരുന്ന് ഒരുക്കി എന്ന് പറഞ്ഞാൽ അത് അതിശയോക്തി ആവില്ല. വീട് എത്തുന്നതിനു തൊട്ടുമുൻപ് ഒരു പുതിയ പാട്ടിന്റെ തുടക്കത്തിലുള്ള ഈണം കേട്ട് തുടങ്ങി. കേട്ടപാതി എന്റെ മറുപാതി പറഞ്ഞു, 'അയ്യോ ഇതെനിക്ക് നന്നായിട്ട് അറിയാവുന്ന പാട്ടാണല്ലോ. ഞാനിപ്പോ പറയാമേ.' 


ഈണം തീർന്ന്, പാട്ട് തുടങ്ങുന്നതിനു മുൻപ് തന്നെ എനിക്ക് കാർ ഞങ്ങളുടെ ബേസ്മെന്റ് പാർക്കിങ്ങിലേക്ക് കയറ്റേണ്ടി വന്നു. പാട്ട് തുടങ്ങിയ സമയമായപ്പോഴേക്കും റേഡിയോയുടെ സിഗ്നൽ കട്ട് ആവുകയും പാട്ട് ഏതാണെന്ന് തിരിച്ചറിയാൻ പറ്റാതെ വരികയും ചെയ്തു.


ഏതോ അപൂർവഭാഗ്യത്താൽ, വണ്ടി പാർക്ക് ചെയ്ത് ഇറങ്ങുന്നതിന്റെ തൊട്ടുമുമ്പുള്ള നിമിഷം പാട്ടിന്റെ അനുപല്ലവി കേൾക്കാൻ സാധിച്ചു!


'ഹൃദയം കൊണ്ട് എഴുതുന്ന കവിത'. അതായിരുന്നു ആ പാട്ട്. കാറിൽ നിന്ന് ഇറങ്ങി ആ പാട്ട് പാടിക്കൊണ്ട് എന്റെ പ്രിയതമ മുന്നോട്ടു നടന്നപ്പോൾ, മനസ്സിൽ ആ സമയത്ത് തോന്നിയ ഒരു മണ്ടൻ കുസൃതി ചോദ്യം ഞാൻ ചോദിച്ചു.


'ഹൃദയംകൊണ്ട് ആരെങ്കിലും എഴുതുവോ, പേന കൊണ്ടല്ലേ എഴുതേണ്ടത്?'


സാധാരണ ഇതുപോലെയുള്ള എന്റെ ചില തരം കുറഞ്ഞ തമാശകൾ കേൾക്കുമ്പോൾ, അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്ന രീതിയിൽ ഇതും തള്ളിക്കളയും എന്നാണ് ഞാൻ പ്രതീക്ഷിച്ചത്. എന്നാൽ സംഭവിച്ചത് നേരെ മറിച്ചാണ്. പിന്തിരിഞ്ഞു നോക്കാതെ എന്റെ നേർക്ക് ഒരു ബ്രഹ്മാസ്ത്രം പാഞ്ഞു വന്നു.


'അതിന് ആദ്യം ഒരു ഹൃദയം ഉണ്ടാവണം!'.


സാധാരണഗതിയിൽ ബ്രഹ്മാസ്ത്രം തടുക്കുവാൻ ആർക്കും സാധിക്കില്ല. പക്ഷേ ഫുട്ബോൾ ലോകകപ്പിന്റെ കാലം ആയതുകൊണ്ടാണോ എന്തോ, വേഗം തന്നെ ഒരു സിസർ കട്ടിലൂടെ എന്റെ മനസ്സിൽ തോന്നിയ ഒരു ഉഗ്രൻ കിക്ക് ഞാൻ തിരിച്ചു പ്രയോഗിച്ചു.


'അതെങ്ങനെ പറ്റും? എന്റെ ഹൃദയം പണ്ടേ നീ അടിച്ചു മാറ്റിയതല്ലേ?'


പൊണ്ടാട്ടി ഫ്ലാറ്റ്! അങ്ങനെ ഇത്തവണത്തെ വേൾഡ് കപ്പുമായി ഞാൻ വീട്ടിലേക്ക് കയറി.


സായാഹ്നം ശുഭം.

No comments:

Post a Comment

AI Avalanche! Business folks, are you ready?

I cannot think of any other two letter word about which the whole world has become so obsessed that not a day goes by in our lives now witho...