Wednesday, June 10, 2026

നാർമടിപ്പുടവ

 ഒറ്റ ഇരിപ്പിന് ഒരു പുസ്തകം വായിച്ചു തീര്ക്കുന്ന സവിശേഷ കാഴ്ച ഞാന് കണ്ടിരിക്കുന്നത് എന്റെ നല്ല പാതിയിലും മകളിലും മാത്രമാണ്. എന്റെ ഓർമ്മയിൽ ഈ അടുത്തകാലത്ത് എങ്ങും തന്നെ അങ്ങനെയൊരു വായനാ അനുഭവം എനിക്കുണ്ടായിട്ടില്ല. അങ്ങനെയിരിക്കെ കഴിഞ്ഞ ആഴ്ച മാത്രം വായിക്കാനായി എടുത്ത ഒരു പുസ്തകം ഇന്ന് വായിച്ചു തീർത്തു എന്ന് ഞാൻ പറയുമ്പോൾ അതിലെ അതിശയോക്തി നിങ്ങൾക്ക് മനസ്സിലാകും എന്ന് ഞാൻ കരുതുന്നു.

പലതവണ പുസ്തകങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഒരിക്കൽപോലും വായനയിലൂടെ പരിചയപ്പെടാൻ ശ്രമിക്കാതിരുന്ന ഒരു എഴുത്തുകാരിയായിരുന്നു സാറാ തോമസ്. നാർമടിപ്പുടവ എന്ന കൃതി ഇതുപോലെ ഒരു അസാമാന്യ അനുഭവം പ്രദാനം ചെയ്യുന്നതായിരുന്നു എന്ന് അറിഞ്ഞിരുന്നെങ്കിൽ പണ്ടേ ഞാൻ അതിന് ശ്രമിച്ചേനേ!

ഒരു പുസ്തകത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ അതിതീവ്രമായ വികാരങ്ങൾ അതേ തീവ്രതയോടെ വായനക്കാരുടെ ചേതനയിൽ ഉണർത്തുക എന്നുള്ളത് ഒരു അസാമാന്യ എഴുത്തുകാരിക്കു മാത്രം സാധിക്കുന്ന ഒന്നാണ്.

തമിഴ് ബ്രാഹ്മണ സമുദായത്തിലെ കാലഹരണപ്പെട്ട ചില ആചാരങ്ങൾക്കെതിരെ പിടിച്ചിരിക്കുന്ന ഒരു കണ്ണാടിയാണ് ഈ കൃതി. പക്ഷേ എന്നെ ഏറ്റവും അതിശയപ്പെടുത്തിയ കാര്യം 1978ൽ എഴുതിയ ഈ പുസ്തകത്തിലെ പല അവസ്ഥകളും വിവിധ രൂപങ്ങളിൽ ഇന്നും നിലനിൽപ്പുണ്ട് എന്നുള്ള യാഥാർത്ഥ്യമാണ്. അതിന് മതത്തിന്റെയോ, സമുദായത്തിന്റെയോ വ്യത്യാസമില്ല എന്നുള്ളതും ഒരു സങ്കടകരമായ വസ്തുതയാണ്.

ഇന്നും വായനയെ സ്നേഹിക്കുന്ന ആരെങ്കിലും ഈ കുറിപ്പ് കാണുകയാണെങ്കിൽ സാധിക്കുന്ന ഏറ്റവും അടുത്ത സാഹചര്യത്തിൽ ഈ പുസ്തകം വാങ്ങണമെന്നും വായിക്കണമെന്നും ഞാൻ അതിയായി ആഗ്രഹിക്കുന്നു. ഇല്ലെങ്കിൽ അതൊരു തീരാനഷ്ടം തന്നെയായിരിക്കും.

സാറാ തോമസ് നിങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ 🙏🏼

No comments:

Post a Comment

Mango Rice - Grandpa's Secret!

One of the greatest fortunes I consider in my life is to grow up in the lush green state of Kerala in India. We lived in a, now 77 years old...