Saturday, June 8, 2024

ഒരു പിറവിയുടെ കഥ

ഓശാന തിരുനാളിന്റെ തിരക്കുകളെല്ലാം കഴിഞ്ഞ്, അന്നത്തെ ഉച്ചമയക്കം ശരിയാവാഞ്ഞതിന്റെ ചെറിയ ഒരു അലോസരത്തിൽ ഇരിക്കുകയായിരുന്നു അച്ചൻ.

പെട്ടെന്നാണ് പുറകിൽ നിന്നൊരു ശബ്ദം.
'എന്താടോ ആബേലേ ഭയങ്കര ആലോചന?'
' ഹാ, ചേട്ടായി എത്തിയോ?' അച്ചൻ ചിരിച്ചു കൊണ്ട് ചോദിച്ചു. 'പ്രത്യേകിച്ച് ഒന്നുമില്ല. പിന്നെ ഓശാന ഒക്കെ കഴിഞ്ഞതല്ലേ? ഞാൻ ചേട്ടായിയുടെ തന്നെ പഴയ കാര്യങ്ങൾ ഓർത്തിരുന്നു പോയി. അന്ന് കുറേ അനുഭവിച്ചല്ലേ?'
ചേട്ടായിയുടെ മുഖം പെട്ടെന്നാണ് മാറിയത്. ചുണ്ടിൽ ഉണ്ടായിരുന്ന പുഞ്ചിരി മാഞ്ഞു. ആ കണ്ണുകളിൽ പല വികാരങ്ങളുടെ ഒരു വേലിയേറ്റം തന്നെ കണ്ടു അച്ചൻ. മണിക്കൂറുകൾ എടുത്തെന്ന് തോന്നിപ്പിച്ച നിശബ്ദത ചേട്ടായി തന്നെയാണ് ഭേദിച്ചത്.
' ഓ എന്നാ പറയാനാടാ അന്ന് അങ്ങനെയൊക്കെ സംഭവിച്ചു. ഞാൻ വലിയ കാര്യമായിട്ട് അപ്പനോട് ഡയലോഗ് ഒക്കെ അടിച്ചു, അവന്മാരെ ഞാൻ തന്നെ നേരിട്ടോളാം എന്ന് പറഞ്ഞപ്പോൾ, 'അതു വേണോടാ മോനെ' എന്ന് അപ്പൻ എടുത്തു ചോദിച്ചതാ. ചോരത്തിളപ്പിന്റെ പ്രായമല്ലേ? അങ്ങോട്ട് എടുത്തു ചാടി. ഇത്ര വലിയ പണി കിട്ടുമെന്ന് സത്യം പറഞ്ഞാൽ ഞാൻ വിചാരിച്ചില്ല. ആ, പിന്നെ എല്ലാം സംഭവിക്കേണ്ടത് ആയിരുന്നു എന്ന് കരുതി ആശ്വസിക്കാം.'
' എനിക്ക് അതെല്ലാം ഒന്ന് എഴുതി വയ്ക്കണമെന്ന് തോന്നിയിട്ട് കുറച്ചുകാലമായി. പക്ഷേ ചേട്ടായി അനുഭവിച്ചതെല്ലാം അതേപോലെ എഴുതാൻ ഒട്ടും എനിക്ക് പറ്റുന്നില്ല. അത് അനുഭവിച്ച ഒരാൾക്ക് അല്ലേ അത്ര ഭംഗിയായി എഴുതാൻ പറ്റൂ.'
' എന്റെ പൊന്നു മോനെ, ഞാൻ അനുഭവിച്ചത് എങ്ങാനും ഒന്ന് നേരിട്ട് കണ്ടിരുന്നെങ്കിൽ നീ താങ്ങുകേലായിരുന്നു, പിന്നെയാ അത് അനുഭവിക്കാൻ!'
' ഇല്ല ചേട്ടായി, എനിക്ക് ഉറപ്പുണ്ട് എന്നെക്കൊണ്ട് പറ്റും!'
അതിന്റെ മറുപടി ഒരു ചെറുപുഞ്ചിരി മാത്രമായിരുന്നു.
' അതെന്നാ ഒരു ചിരി? എന്നെക്കൊണ്ട് സാധിക്കില്ല എന്ന് തോന്നുന്നുണ്ടോ?'
' ഉം, ശരിയാണ്, ഇന്നിപ്പോ ആരെക്കൊണ്ടെങ്കിലും അത് സാധിക്കുമെങ്കിൽ അത് നിന്നെക്കൊണ്ട് മാത്രമായിരിക്കും. നിനക്ക് അത്രയ്ക്ക് ഉറപ്പുള്ള സ്ഥിതിക്ക് ആ അനുഭവങ്ങൾ എല്ലാം തന്നെ നിനക്കും സ്വന്തമാകും. പക്ഷേ നീ എഴുതി തീർക്കുമോ എന്ന് എനിക്ക് പറയാൻ പറ്റില്ല. അത് തീരുമാനിക്കുന്നത് ഞാനല്ല, അപ്പനാണ്. അപ്പനോട് തന്നെ ചോദിക്കേണ്ടിവരും'.
' അതു കൊള്ളാം, ഞാൻ ഇതെല്ലാം അനുഭവിക്കുകയും വേണം പക്ഷേ എഴുതി തീർക്കാൻ പറ്റുമോ എന്ന് ഒരു ഉറപ്പുമില്ല. ഇത് പണ്ട് ഒരു അമ്മച്ചി വന്നു ചോദിച്ചപ്പോൾ ചേട്ടായി പറഞ്ഞതുപോലെ ആയല്ലോ.'
'നീ ആരുടെ കാര്യമാണ് പറയുന്നത് എന്ന് എനിക്ക് മനസ്സിലായി. പിന്നെ, മുഴുവൻ സമയം എന്റെ അപ്പുറത്തും ഇപ്പുറത്തും നടക്കണം എന്ന് പറഞ്ഞാൽ ഞാൻ എന്തു പറയാനാ? അതാണന്ന് ഞാൻ പറഞ്ഞത് അപ്പനാണ് ഇതൊക്കെ തീരുമാനിക്കുന്നതെന്ന്.'
'ശരി, എന്തായാലും കൊള്ളാം, എനിക്ക് എഴുതണം. അതിന് എന്താണോ വേണ്ടത് അത് ഏറ്റെടുക്കുവാൻ ഞാൻ തയ്യാറാണ്'.
'എങ്കിൽ പിന്നെ നീ എഴുതി തുടങ്ങിക്കോ. ഓരോ സംഭവങ്ങൾ തന്നെ വന്നോളും. ഞാൻ തൽക്കാലം തിരിച്ചുപോകുന്നു. പിന്നെ വന്നു കണ്ടോളാം നിന്നെയും, നീ എഴുതിയതും.'
ചേട്ടായി മുറിയിൽ നിന്നിറങ്ങിയതും പെട്ടെന്ന് അവിടെ മുഴുവൻ ഇരുട്ട് വന്ന് മൂടിയത് പോലെ ഒരു മാറ്റം. മീന മാസത്തെ സൂര്യൻ പുറത്ത് കത്തിജ്വലിക്കുന്നുണ്ടെങ്കിലും അച്ചന്റെ മുറി മുഴുവൻ ഇരുട്ട് കമ്പിളി പുതച്ചത് പോലെ നിന്നു. വല്ലാത്ത ശബ്ദവും ബഹളവും കേട്ടിട്ട് കുശിനിക്കാരൻ കറിയാച്ചൻ ഓടിവന്ന് കതകിൽ തട്ടി വിളിച്ചു. അച്ചൻ പുറത്തു വന്ന് ധൃതിയിൽ പറഞ്ഞു, 'കറിയാച്ചാ, ഇന്നിനി ആരെയും അകത്തോട്ട് കയറ്റി വിടേണ്ട'. കറിയാച്ചന് കാര്യം പിടികിട്ടി. സാധാരണ എന്തെങ്കിലും എഴുതാൻ കിട്ടുമ്പോഴാണ് ഇങ്ങനെ സ്വയം ജയിലിൽ അടച്ചത് പോലെ അച്ചൻ ഇരിക്കുന്നത്. പക്ഷേ ഇത്തവണ കുറച്ച് കൂടിയ സംഗതിയാണെന്ന് കറിയാച്ചന് തോന്നി. എന്തായാലും വാതിലും ജനലും എല്ലാം അടച്ച് പുറത്തുനിന്ന് ബന്തവസാക്കി ഏൽപ്പിച്ച ജോലി ഭംഗിയായി പൂർത്തിയാക്കി.
അന്നേരം ഏകദേശം 3:00 മണി ആയിരുന്നു.
പിന്നെ അവിടെ എന്തൊക്കെ സംഭവിച്ചു എന്ന് ആർക്കും ഒരു അറിവും ഇല്ല. പലപ്പോഴും അച്ചന്റെ ഉറക്കെയുള്ള കരച്ചിൽ കേട്ടു. രണ്ടുമൂന്നു തവണ കസേരയിൽ നിന്ന് നിലത്തുവീണ ശബ്ദം കേട്ടു. പലതരത്തിലുള്ള വർത്തമാനങ്ങളും അലർച്ചകളും മാറിമാറി മുറിയിൽ നിന്ന് പുറത്തു വന്നു കൊണ്ടേയിരുന്നു. അവസാനം മൂന്നു മണിക്കൂറുകൾക്ക് ശേഷം ശബ്ദമൊന്നും കേൾക്കാതെ ആയപ്പോൾ കറിയാച്ചൻ ചെന്ന് വാതിൽ തുറന്നു.
അകത്തു കണ്ട കാഴ്ച ശരിക്കും ഭീകരമായിരുന്നു . അച്ചന്റെ ഉടുപ്പ് എല്ലാം ആരോ കീറിപ്പറിച്ചു വച്ചിരുന്നത് പോലെ. ഭയങ്കരമായ ഏതോ ഭാരം ചുമന്നതുപോലെ അച്ചൻ തളർന്ന് ആവശനായിരുന്നു. കറിയാച്ചൻ അവിടെ ഉണ്ടായിരുന്ന മറ്റുള്ളവരെ കൂടെ കൂട്ടി അച്ചനെ ഒരു കട്ടിലിൽ കിടത്തി.
ആ മുറിയിൽ മുഴുവൻ പതിവില്ലാത്ത ഒരു ഗന്ധം നിറഞ്ഞു നിന്നു. കറിയാച്ചൻ അച്ചന്റെ മേശയിലോട്ടു നോക്കി. അവിടെ അച്ചൻ എഴുതിവച്ചിരുന്ന കടലാസ്സുകൾ പരന്നു കിടന്നിരുന്നു. അവിടെ നിന്നാണ് ആ മണം വന്നിരുന്നത്. കറിയാച്ചൻ അതെടുത്തു നോക്കി. എഴുതിയിരിക്കുന്നത് അച്ചന്റെ പ്രിയപ്പെട്ട പേനകൊണ്ട് തന്നെ. ചെൽപാർക്ക് മഷിയുടെ നീലനിറം ആ പേപ്പറുകളെ അലങ്കരിച്ചിരുന്നു. പക്ഷേ ആ രൂക്ഷഗന്ധം അതിൽ നിന്ന് തന്നെ ആണ് വന്നിരുന്നത്. കറിയാച്ചൻ ഒന്ന് ഞെട്ടി! അത് ചൂട് ചോരയുടെ മണം ആയിരുന്നു.
പെട്ടെന്ന് കിഴക്ക് ഭാഗത്തുള്ള ജനലിന്റെ പാളി തുറന്നു ശക്തിയുള്ള ഒരു കാറ്റ് വീശി. മേശപ്പുറത്ത് കിടന്നിരുന്ന കടലാസുകളെല്ലാം തന്നെ കാറ്റ് പറത്തിക്കൊണ്ടു പോകുന്നതിനു തൊട്ടുമുമ്പ് കറിയാച്ചൻ അതിന്റെ തുടക്കത്തിൽ എഴുതിയിരുന്ന വരികൾ കണ്ടു, അതിങ്ങനെയായിരുന്നു.
കുരിശിൽ മരിച്ചവനെ
കുരിശാലെ വിജയം വരിച്ചവനെ...

No comments:

Post a Comment

Empowerment – Incredible Leadership Stories

After two gruelling years of MBA from Christ College, one of the prestigious institutions in then Bangalore, I took my baby steps into the c...